ദില്ലി: ദീപാവലി കാലത്ത് ദില്ലിയിൽ പടക്ക നിരോധനം നടപ്പായോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ദില്ലി സർക്കാരും ദില്ലി പൊലീസും ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു. പടക്ക നിരോധനം നടപ്പിലായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ നിരവധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന് മറുപടി വേണം. സർക്കാരിനും പൊലീസ് കമ്മിഷണർക്കും കോടതി നോട്ടിസയച്ചു.
മലിനീകരണം തടയുന്നതിനും പടക്ക നിരോധനം നടപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. അടുത്തവർഷം ദീപാവലി ആഘോഷിക്കുമ്പോൾ നിരോധനം പാലിക്കാൻ എന്ത് നടപടിയെടുക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ശാശ്വതമായ പടക്ക നിരോധനം ആണ് ദില്ലിയിലുണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.