1984 ഒക്ടോബര്‍ 31. സമയം രാവിലെ 9.10. ഡൽഹി സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്ന് അക്ബർ റോഡിലെ ഓഫീസിലേക്കുള്ള പുൽത്തകിടിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാ ഗാന്ധി. ബ്രിട്ടീഷ് ചലചിത്രകാരൻ പീറ്റർ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തിൽ കാവൽനിന്നവരുടെ തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ പാഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അവിടെ അന്ത്യം കുറിക്കുകയായിരുന്നു.
9 വർഷം ജീവൻ കാത്തുസൂക്ഷിച്ച അംഗരക്ഷകർതന്നെ ഇന്ദിരാ ഗാന്ധിയുടെ ആയുസ്സിന് അറുതികുറിച്ചു. ഖലിസ്ഥാൻ വിഘടനവാദികളെ അടിച്ചമർത്താൻ സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനം അങ്ങനെ ഇന്ദിരാ ഗാന്ധിയുടെ വിധി മാറ്റിയെഴുതി. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാറി’ൽ പ്രകോപിതരായ സബ് ഇൻസ്പ്കടർ ബിയാന്ത് സിങും കോൺസ്റ്റബിൾ സത് വന്ത് സിങും ചേർന്ന് ആ ജീവനെടുത്തു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ, ആരാധാനയ്ക്കും വിമർശനത്തിനും പാത്രമായ മറ്റൊരു പ്രധാനമന്ത്രിയുണ്ടാകില്ല. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ മുൻകൈയെടുത്തത് മുതൽ, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ നടപ്പിലാക്കിയതുവരെ.
എന്നാൽ, അതുമാത്രമായിരുന്നില്ല ഇന്ദിര ഗാന്ധി. ഇന്ത്യൻ വികസന സങ്കൽപ്പങ്ങൾ തിരുത്തിയെഴുതിയ നേതാവ്. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീരനിലപാടുകള്‍, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് വെറുതേവിളിച്ച മുദ്രാവാക്യമല്ല. പാകിസ്ഥാനോട് യുദ്ധം ചെയ്ത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയപ്പോൾ, എതിരാളികൾ പോലും വിളിച്ചു, ദുർഗ. ശക്തിയുടെ ദുർഗ.
ചങ്കുറപ്പിന്റെ മറുവാക്കാണ് ഇന്ത്യൻ രാഷ്ട്രീയത്തിനെന്നും ഇന്ദിരാ ഗാന്ധി. വെടിയേറ്റ് വീണ് 40 വർഷത്തിനിപ്പുറവുംആ പെൺകരുത്ത് ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലിപ്പോഴും ജ്വലിച്ചു നിൽക്കുന്നു.