കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്‍റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്സുകള്‍ സൂക്ഷിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.
കലവറയ്ക്ക് സമീപവും നിരവധി പേര്‍ നിന്നിരുന്നു. ഇവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. നിരവധി പേരുടെ ചെരുപ്പുകളും മറ്റു വസ്തുക്കളും നിറഞ്ഞിരിക്കുകയാണ് സ്ഥലത്ത്. ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചകാര്യം ഇവിടെയുണ്ടായിരുന്നവര്‍ക്കും അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ വ്യക്തമാക്കിയത്.
അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.
അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തിൽ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.