തൃശൂര്‍: ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാന്‍ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടില്‍ രവീന്ദ്രന്‍ മകന്‍ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്. 2024 ഒഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ബന്ധുകൂടിയാണ് ആത്മഹത്യ ചെയ്ത യുവതി.
2009 മാര്‍ച്ച് 21നാണ് പ്രതി തന്‍റെ ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച സ്വര്‍ണം മുഴുവന്‍ പ്രതി വില്ക്കുകയും കിട്ടിയ തുക മുഴുവന്‍ പലവിധത്തില്‍ ചിലവഴിക്കുകയും ചെയ്തു. കൂടാതെ സ്ഥിരമായി ജോലിയ്ക്ക് പ്രതി പോയിരുന്നില്ല. കൂടാതെ പ്രതി ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്ന യുവതി, പ്രതിയുടെ വിവാഹേതര ബന്ധം കൂടി അറിഞ്ഞതില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ പത്തുവയസുള്ള മകളേയും കൂട്ടി പിതൃ വീട്ടില്‍ തൂങ്ങിമരിക്കുകയാണുണ്ടായത്.
എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ അനീഷിനെ ആത്മഹത്യാ പ്രേരണക്ക് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതി ജാമ്യത്തിന് സെഷന്‍സ് കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. കേസ് ഡയറിയും രേഖകളും പരിശോധിച്ച കോടതി, ആത്മഹത്യ ചെയ്ത യുവതിക്കും മകള്‍ക്കും ആത്മഹത്യാപ്രേരണ പെട്ടെന്നുണ്ടായതല്ലെന്നും പ്രതിയുടെ കാലങ്ങളായുള്ള മാനസികമായും ശാരീരികമായുമുള്ള പീഡനവും പരസ്ത്രീ ബന്ധവുമാണ് കാരണമെന്നും വിലയിരുത്തി.
കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ഗൗരവമേറിയ കുറ്റകൃത്യത്തിന് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ളതും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.