വാൻകൂവർ: വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് പോവുന്ന വിദ്യാർത്ഥികൾക്ക് മറുനാട്ടിലെ തുടക്ക കാലങ്ങളിൽ വലിയ സഹായകരമാണ് ഫുഡ് ബാങ്കുകൾ. വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകൾ വിശന്ന് കഴിയാതിരിക്കാൻ പലവിധ ഇടനിലക്കാരുമായി സഹായിച്ച് സൌജന്യമായി ആവശ്യമായ ഭക്ഷണം നൽകാൻ ഏറെ സഹായകരമാവുന്ന ജീവകാരുണ്യ സംരംഭമാണ് ഫുഡ് ബാങ്കുകൾ. എന്നാൽ ഇതര രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഒന്നാം വർഷ വിദ്യാർത്ഥികളോട് മുഖം തിരിക്കാനുള്ള കാനഡയിലെ ഫുഡ് ബാങ്കിന്റെ തീരുമാനത്തിനെതിരെ ഉയരുന്നത് വലിയ വിമർശനമാണ്.
കാനഡയിലെ വാൻകൂവറിലാണ് ഒന്നാം വർഷ അന്തർദേശീയ വിദ്യാർത്ഥികൾക്ക് സൌജന്യ ഭക്ഷണം നൽകുന്നതിൽ നിന്നാണ് ഫുഡ് ബാങ്ക് പിന്തിരിഞ്ഞിട്ടുള്ളത്. ഭക്ഷണ ബാങ്കുകളുടെ സേവനം തേടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നതാണ് ശ്രദ്ധേയമായ വസ്തുത. തൊഴിലില്ലായ്മ വർധിക്കുകയും ഭക്ഷണത്തിന്റെ വിലയിൽ വലിയ രീതിയിലുള്ള വർധനവും വന്നതിന് പിന്നാലെയാണ് ഇത്.
ദി ഗ്രേറ്റർ വാൻകൂവർ ഭക്ഷണ ബാങ്കാണ് ഒന്നാം വർഷക്കാർക്ക് ഭക്ഷണം നൽകാതിരിക്കാൻ തുടങ്ങിയത്. അന്തർ ദേശീയ വിദ്യാത്ഥികൾക്കാണ് തീരുമാനം ബാധകമാവുക. കുടിയേറ്റം ലക്ഷ്യമിട്ട് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ തീരുമാനം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്യൂഷനും യാത്രയ്ക്കും ആവശ്യമായ തുക കഴിച്ച് 20635 ഡോളർ വിദ്യാർത്ഥികളുടെ അക്കൌണ്ടിൽ ഒന്നാം വർഷം മുഴുവനുണ്ടാകണമെന്നാണ് കാനഡയുടെ നയമെന്നാണ് ദി ഗ്രേറ്റർ വാൻകൂവർ ഫുഡ് ബാങ്കിന്റെ വാദം. രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഈ തുക വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ജീവിതചെലവ് രണ്ടിരട്ടിയിലേറെയാണ് കാനഡയിൽ വർധിച്ചിരിക്കുന്നത്.
ഇതോടെയാണ് ആളുകൾ ഭക്ഷണ ബാങ്കുകളുടെ സേവനം വലിയ രീതിയിൽ പ്രയോജനപ്പെടുത്താൻ ആരംഭിച്ചത്. 2024 മാർച്ചിനുള്ളിൽ രണ്ട് ദശലക്ഷം ആളുകൾ ഭക്ഷണ ബാങ്കുകളുടെ സേവനം തേടിയതായാണ് കണക്കുകൾ വിശദമാക്കുന്നതെന്നാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019ലെ കണക്കുകളേക്കാൾ രണ്ടിരട്ടിയാണ് ഇതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇതെന്നുമാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർധിക്കുന്ന പണപ്പെരുപ്പവും വീടുകളുടെ വാടകയിലെ വർധനവും മൂലം വിദ്യാർത്ഥികൾ അടക്കം കൂടുതൽ ആളുകൾ ഭക്ഷണ ബാങ്കിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. സൌജന്യ സേവനങ്ങളുടെ അന്ത്യത്തിലേക്കുള്ള പോക്കാണ് നിലവിലുള്ളതെന്നാണ് കാനഡ ഫുഡ് ബാങ്ക്സ് സിഇഒ ക്രിസ്റ്റിൻ ബീർഡ്സ്ലി വിശദമാക്കുന്നത്.
എന്നാൽ തീരുമാനത്തിനെതിരെ അന്തർ ദേശീയ വിദ്യാർത്ഥി സംഘടനകൾ രൂക്ഷമായാണ് പ്രതികരിക്കുന്നത്. വിദ്യാർത്ഥികളുടെ ജീവിതം കൂടുതൽ മോശമാക്കാൻ മാത്രമാണ് ഈ തീരുമാനം സഹായിക്കൂവെന്നാണ് വിദ്യാർത്ഥി സംഘടനകൾ പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണമാണ് ആഗോള തലത്തിൽ ഉയരുന്നത്. തീരുമാനത്തെ അനുകൂലിച്ചും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നികുതി നൽകുന്നവരിൽ നിന്ന് രാജ്യത്തെ പാവപ്പെട്ടവർക്കായി നൽകുന്ന സംവിധാനങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നുള്ളവർ മുതലെടുക്കുന്നുവെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ പ്രതികരണം.