തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ കൈവശം ഉള്ളത് 11,000 രൂപ. കേരള ഗ്രാമീൺ ബാങ്കിന്റെ പുല്ലൂർ ശാഖയിൽ 27,553 രൂപയുടെ നിക്ഷേപമുണ്ട്. ദേശമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 81,217 രൂപയുടെയും നിക്ഷേപമുണ്ട്. പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളുണ്ട്. ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പ എടുത്തതിൽ അമ്പതിനായിരം രൂപ തിരിച്ചടക്കാൻ ഉണ്ട്. ആകെ വരുമാനം 1,35,250 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയിരിക്കുന്ന സത്യവാംഗ്മൂലത്തിൽ പറയുന്നു.
അതേസമയം, ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ കൈവശമുള്ളത് 15,000 രൂപയാണ്. 21 ലക്ഷം രൂപ വില വരുന്ന ഇന്നോവ ക്രിസ്റ്റ സ്വന്തമായിയുണ്ട്. 25,000 രൂപ മൂല്യമുള്ള നാല് ഗ്രാം സ്വർണം കയ്യിലുണ്ട്. രണ്ടു ബാങ്കുകളിലായി 2,37,981 രൂപയുടെ ബാധ്യതയാണ് രമ്യക്കുള്ളത്. ചേലക്കരയിലെ ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ കൈവശം പണമായി 5000 രൂപയാണ് ഉള്ളത്. 2,82,808 രൂപ മൂല്യമുള്ള സമ്പാദ്യമുണ്ട്. ഭാര്യയുടെയും ബാലകൃഷ്ണന്റെയും പേരിൽ 30 ഗ്രാം സ്വർണാഭരണങ്ങൾ ഉണ്ട്. 3,40,028 രൂപയുടെ ബാധ്യതയുണ്ടെന്നും അദ്ദേഹം സത്യവാംഗ്മൂലത്തിൽ അറിയിച്ചു.