കല്‍പ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്‍റില്‍ നിന്ന് തുറന്ന വാഹനത്തില്‍ വമ്പൻ റോഡ് ഷോയുമായാണ് പ്രിയങ്ക പത്രികാ സമർപ്പിക്കാന്‍ കളക്ടറിലേക്ക് എത്തുക. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ സുധാകരനും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നിന്നടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രാവിലെ 11.30 യോടെ കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാകും പത്രികാ സമർപ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമർപ്പിക്കും.
രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക തയ്യാറാക്കിയ ഷഹീർ സിങ് അസോസിയേറ്റ്സ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെയും പത്രിക തയ്യാറാക്കിയത്. അതീവ സൂക്ഷ്മത പുലർത്തി ദിവസങ്ങൾ എടുത്താണ് പത്രിക തയ്യാറാക്കിയതെന്ന് അസോസിയേറ്റ്സിലെ അഭിഭാഷകൻ രാജേഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയോളം സങ്കീർണം അല്ലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പത്രികയെന്നും അദ്ദേഹം പ്രതികരിച്ചു.