ഭരണത്തുടർച്ചയുള്ളപ്പോഴും സമീപകാലത്തായി സർക്കാരും സിപിഎമ്മും നേരിടുന്ന വലിയ ആരോപണങ്ങളും പ്രതിസന്ധികളും നേരിട്ട് കേരളം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴാണ് ഇത്തവണ വിഎസിന്‍റെ ജന്മദിനം. തെരഞ്ഞെടുപ്പ് വേദികളെ ആവേശത്തിലാക്കിയ വിഎസ് പക്ഷേ ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകൻ വിഎ അരുൺകുമാറിന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്.
1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു. ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ നീട്ടിയും കുറുക്കിയും എതിരാളികളുടെ അമ്പെയ്തുള്ള വിഎസിന്‍റെ പ്രസംഗം എല്ലാവരും മിസ് ചെയ്യും. പക്ഷാഘാതത്തെത്തുടർന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. ചുറ്റും നടക്കുന്നതെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് കേക്ക് മുറിച്ച് വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കുമെന്നും അരുൺകുമാർ പറഞ്ഞു. പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പിറന്നാളാഘോഷം നടക്കും.