സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.വയനാട് മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നാല് ജില്ലാ ഘടകങ്ങളും നൽകിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ച. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, AlYF നേതാവ് ടി ടി ജിസ്മോൻ, മഹിളാ ഫെഡറേഷൻ നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോൾ എന്നീ പേരുകളാണ് ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ സുപരിചതൻ , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ അനുയോജ്യൻ എന്നീ ഘടകങ്ങൾ പരിഗണിച്ച് സത്യൻ മൊകേരിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് . മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. വയനാട്ടിലെ ഭൂരിപക്ഷം ആളുകളും പാവപ്പെട്ട കർഷകരും തൊഴിലാളികളുമാണ്. അവരുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എൽഡിഎഫാണ്. ആ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.