കല്‍പറ്റ: ഉരുൾപൊട്ടലിലെ കേന്ദ്രസർക്കാരിന്‍റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസത്തോട് അടുക്കുകയാണ് . സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയിൽ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. എന്നാൽ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ കുറ്റപ്പെടുത്തി.
രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നൂറുകണക്കിന് കുടുംബമാണ് മുണ്ടക്കയിലും ചൂരൽമലയിലുമായി ദുരിതത്തിലായത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് എങ്ങും എത്താതിരിക്കുമ്പോൾ തന്നെ കേന്ദ്രത്തിന്റെ സഹായത്തിനായും കാത്തിരിക്കുകയാണ് ദുരിതബാധിതർ. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുൾപൊട്ടൽ ബാധിത മേഖലകൾ നേരിട്ട് സന്ദർശിച്ചപ്പോൾ വലിയ പ്രതീക്ഷയിൽ ആയിരുന്നു കേരളം.എന്നാൽ ആഴ്ചകൾ ഇത്ര പിന്നിട്ടിട്ടും സഹായ പ്രഖ്യാനം ഉണ്ടായില്ല. എപ്പോൾ സഹായം പ്രഖ്യാപിക്കുമെന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മേപ്പാടിയിൽ ഇന്ന് പ്രതിഷേധം മാർച്ചും ധരണയും നടന്നു.വൻ വ്യവസായികളുടെ കോടികളുടെ വായ്പകൾ എഴുതിത്തള്ളുന്ന സർക്കാർ ദുരിതബാധിതരുടെ വായ്പകളും എഴുതിത്തള്ളണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മേധ പട്ക്കർ ആവശ്യപ്പെട്ടു. പാർട്ടിയും വോട്ടുബാങ്ക് നോക്കിയല്ല സഹായം ചെയ്യേണ്ടതെന്നും മേധ പട്കർ കുറ്റപ്പെടുത്തി.സഹായം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച സത്യമംഗലം സമർപ്പിക്കാനാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്