കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് കാരണം അരിമാവ് മാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം. ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.
ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു. തുടർന്നായിരുന്നു കവറുകളിലാക്കി വിൽപന നടത്താൻ കഴിയാത്ത മാവുമായി രാജേഷിൻ്റെ പ്രതിഷേധം.