തിരുവനന്തപുരം: നിയമസഭയുടെ സമീപകാല ചരിത്രത്തിലില്ലാത്ത വിധത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലെ പൊരിഞ്ഞ പോരാണ് ഇന്ന് കണ്ടത്. സിനിമാ സ്റ്റൈലിലായിരുന്നു പിണറായി വിജയനും വിഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായത്. അതിരുകളെല്ലാം വിട്ട് നായകരുടെ ഏറ്റുമുട്ടലിൽ സഭാതലം സ്തംഭിച്ചിരിക്കെ പ്രതിപക്ഷം നടുത്തളവും കടന്ന് സ്പീക്കറുടെ ഡയസിലേക്ക് കയറി. മാത്യു കുഴൽ നാടനും ഐസി ബാലകൃഷ്ണനും, അൻവർ സാദത്തും അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് പടവുകയറി ഇരച്ചെത്തിയതോടെ വാച്ച് ആൻ്റ വാർഡ് എംഎൽഎമാരെ തടഞ്ഞു. പിന്നാലെ കൂടുതൽ സുരക്ഷാ ജീവനക്കാരെത്തി സ്പീക്കർക്ക് ചുറ്റും നിലയുറപ്പിച്ചു. ഇതിനിടെ ഭരണപക്ഷവും സീറ്റിൽ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്ക് എത്തി.
പഴയ നിയമസഭാ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെന്ന് തോന്നിപ്പിക്കും വിധം പരിധിവിട്ട രംഗങ്ങളുണ്ടായി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ വെട്ടിയതും പ്രതിപക്ഷനേതാവിൻറെ പ്രസംഗം സഭാ ടിവി കട്ട് ചെയ്തതും രേഖകളിൽ നിന്നും നീക്കം ചെയ്തതുമാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. ആരാണ് പ്രതിപക്ഷനേതാവെന്ന സ്പീക്കറുടെ ചോദ്യവും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. എന്നാൽ മലപ്പുറം പരാമർശത്തിൽ അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ പ്രതിപക്ഷം പതറിയെന്നാണ് ഭരണപക്ഷ വിമർശനം. പ്രതിപക്ഷത്തിൻറെ തന്ത്രം പാളിയെന്നും ഭരണപക്ഷം പരിഹസിക്കുന്നു.