തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് തിരുവല്ലയ്ക്ക് പോയ ലോറിയാണ് നിമേഷ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ ലോറിയുടെ എന്‍ജിന്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്ക് ഇട്ട് ചായകുടിക്കാന്‍ പോയി. ഇതിനിടെ ലോറിയുമായി നിമേഷ് കടന്നു കളഞ്ഞു. അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്തു.
ഇതിനിടെ ലോറി കാണാതായ ഡ്രൈവര്‍ അടുത്തുള്ളവരുടെ സഹായം തേടി. ഈ സമയം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. ഇരുവരും ലോറി തേടി ഇറങ്ങി. കുറച്ചു ദൂരം എത്തിയപ്പോള്‍ ലോറി മറിഞ്ഞു കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് നിമേഷിനെ പിടികൂടുകയായിരുന്നു.
കുട്ടിക്കാനത്ത് ഗ്ലാസ് പണി ചെയ്തുവരുന്ന സുഹൃത്തുക്കളെ കാണാന്‍ എത്തിയതായിരുന്നു നിമേഷ്. ഇയാളുടെ പേരില്‍ കൊയിലാണ്ടി പൊലീസില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.