• Home
  • Uncategorized
  • ‘കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്തിന് പേപ്പറിന്‍റെ വിലയില്ല’: വഖഫ് ഭൂമി തർക്കത്തിൽ ജീവിതം മരവിച്ച് 614 കുടുംബങ്ങൾ
Uncategorized

‘കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്തിന് പേപ്പറിന്‍റെ വിലയില്ല’: വഖഫ് ഭൂമി തർക്കത്തിൽ ജീവിതം മരവിച്ച് 614 കുടുംബങ്ങൾ

കൊച്ചി: എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കുടുംബങ്ങൾക്ക് ബാങ്കുകൾ വായ്പയും നിഷേധിക്കുന്നതോടെ ഇനി സമര രംഗത്തേക്കെന്നാണ് തീരുമാനം.

അസാധാരണമായ നിയമ പ്രശ്നത്തിലാണ് എറണാകുളം പള്ളിപ്പുറം പഞ്ചായത്തിലെ രണ്ട് വാർഡുകൾ. മുനമ്പം ബീച്ചിനോട് ചേർന്നുള്ള 104 ഏക്കറിൽ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് വഖഫ് ബോർഡ്. ഇനിയെന്തെന്ന ചോദ്യവുമായി 614 കുടുംബങ്ങളാണ് ആശങ്കയോടെ രംഗത്തുള്ളത്.

‘മരിച്ച അവസ്ഥയാണ്,ഇനി കൊണ്ടുപോയി കുഴിച്ചിട്ടാൽ മതി,കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്തിന് പേപ്പറിന്റെ വിലയില്ല’- വർഷങ്ങൾ പ്രവാസിയായിരുന്ന ആന്റണി രണ്ട് വർഷം മുൻപ് എട്ട് ലക്ഷം രൂപ വായ്പ തിരിച്ചടച്ച് ബാങ്കിൽ നിന്ന് ആധാരം എടുത്തു. മകളുടെ വിവാഹ ആവശ്യത്തിനായി ഇതേ ആധാരം ഇപ്പോൾ അതേ ബാങ്കിൽ നൽകിയപ്പോൾ കിട്ടിയ മറുപടി രേഖ അസാധുവെന്നാണ്.

വഖഫ് ഭൂമി തർക്കത്തിന് പിന്നാലെയാണ് ഈ പ്രദേശത്തെ മനുഷ്യരുടെ ജീവിതം മരവിച്ച് പോയത്. വിവാഹം,വിദ്യാഭ്യാസം,ആശുപത്രി ചികിത്സ എന്നിവയ്ക്കൊന്നും അദ്ധ്വാനിച്ച് നേടിയ ഭൂമി കൊണ്ട് ഗുണമില്ല. മെഡിക്കൽ കോഡിംഗ് പഠിക്കുന്ന വിദ്യാർത്ഥിനി സാമ്പത്തിക പ്രശ്നം കാരണം പഠനം നിർത്തിവെച്ചിരിക്കുന്നു.

74 വർഷങ്ങൾക്ക് മുൻപാണ് പ്രദേശത്തെ 404 ഏക്കർ ഭൂമി സിദ്ദിഖ് സേഠ് എന്ന വ്യക്തി കോഴിക്കോട് ഫാറൂഖ് കോളേജിന് വഖഫ് ഭൂമിയായി സൗജന്യമായി നൽകിയത്. എന്നാൽ ഫാറൂഖ് കോളേജ് വഖഫ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചില്ല. പിന്നീട് 1989-മുതൽ വഖഫ് നിയമങ്ങൾക്ക് വിരുദ്ധമായി ഭൂമി പ്രദേശവാസികൾക്ക് മറിച്ച് വിറ്റു. ഇതൊന്നും അറിയാതെ മുനമ്പം, ചെറായി മേഖലയിലെ മീൻപിടുത്തക്കാരായിരുന്ന മനുഷ്യർ കടലിനോട് ചേർന്നുള്ള ഭൂമി ഇവരിൽ നിന്ന് പണം നൽകി സ്വന്തമാക്കി. എന്നാൽ അദ്ധ്വാനിച്ച് നേടിയ മണ്ണിന് ഇവർക്കിപ്പോൾ അവകാശമില്ലെന്ന് വാദം. കടൽ എടുത്തതോടെ 404 ഏക്കർ 114 ഏക്കറായി ചുരുങ്ങി. എന്നാൽ ഈ മനുഷ്യരുടെ സങ്കടത്തിന് കണക്കില്ല.

രണ്ട് വർഷം മുൻപാണ് വഖഫ് ബോർഡ് പ്രദേശവാസികൾക്ക് നോട്ടീസ് നൽകി ഭൂമിയിൽ വീണ്ടും അവകാശവാദമുന്നയിച്ചത്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് സിറോ മലബാർ സഭ കത്തയച്ചിട്ടുണ്ട്.

Related posts

കാമുകിയെ വിളിച്ചിറക്കാനെത്തി; തര്‍ക്കം രാഷ്ട്രീയ സംഘര്‍ഷമായി, വീടാക്രമണവും കേസും

Aswathi Kottiyoor

കപ്പലെത്തി; നാലുദിവസം കഴിഞ്ഞിട്ടും ക്രെയിൻ ഇറക്കാനായില്ല

Aswathi Kottiyoor

പൊലീസുകാരനെ കൊന്ന കുറ്റത്തിന് ജയിൽശിക്ഷ; ജാമ്യത്തിലിറങ്ങി നിയമം പഠിച്ചു; നിരപരാധിയെന്ന് തെളിയിച്ച് യുവാവ്

Aswathi Kottiyoor
WordPress Image Lightbox