ഇടുക്കി: നവീകരണത്തിന്‍റെ പാതയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മൺപാലം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഇടുക്കിയിലെ വെള്ളിലാങ്കണ്ടത്ത് മൺപാലം നിർമ്മിച്ചത്. ചരിത്രമുറങ്ങുന്ന ഈ പാലവും റോഡും മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി വീതി കൂട്ടി നിർമിക്കുന്നത് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഇടുക്കി അണക്കെട്ട് പണിത് ജലം സംഭരിച്ചതോടെ അയ്യപ്പൻകോവിൽ – മാട്ടുക്കട്ട പ്രദേശങ്ങൾ വെള്ളം കൊണ്ട് വിഭജിക്കപ്പെട്ടു. ഇതോടെ ഏലപ്പാറ – കട്ടപ്പന റോഡിലെ ഗതാഗതവും പ്രതിസന്ധിയിലായി. ഇത് പരിഹരിക്കാനാണ് വെള്ളിലാംകണ്ടത്ത് മൺ പാലം നിർമിച്ചത്. വലിയ കോൺക്രീറ്റ് കുഴലിട്ട് ജലാശയത്തിലെ നീരൊഴുക്ക് ഇരുവശത്തേക്കും തടസ്സപ്പെടാതെ മണ്ണിട്ടാണ് പാലം പണിതത്. ജലാശയത്തിലെ ചതുപ്പ് പ്രദേശത്ത് ആലപ്പുഴയിൽ നിന്നുമെത്തിച്ച ടൺ കണക്കിന് ചിരട്ടയും മരത്തടിയുമിട്ടാണ് അന്ന് നീരൊഴുക്ക് പിടിച്ച് നിർത്തിയത്. പണി പൂർത്തിയായപ്പോൾ ഇത് രാജ്യത്തെ ഏറ്റവും വലിയ മനുഷ്യ നിർമിത മൺപാലമായി.
പദ്ധതി കാലത്ത് കനേഡിയൻ കമ്പനി ബുൾഡോസർ കൊണ്ടുവന്നാണ് പാലത്തിൽ മണ്ണ് നിറച്ചത്. അതിനാൽ ഇതിന് ബുൾഡോസർ പാലമെന്നും വിളിപ്പേരുണ്ടായി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയരുമ്പോൾ വെള്ളം കോൺക്രീറ്റ് കുഴലിലൂടെ മറുപുറം കടന്ന് ഇരുവശങ്ങളിലുമായി പരന്നുകിടക്കും. മലയോര ഹൈവേയുടെ ഭാഗമായുള്ള നവീകരണം പൂർത്തിയാകുന്നതോടെ പാലത്തിനു മുകളിലൂടെയുള്ള റോഡിൻറെ വീതി കൂടും. ഇതോടൊപ്പം പാലം കാണാനെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ ആദ്യ ഘട്ടത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
പാലം പണിക്കായി കിഫ്ബി അനുവദിച്ച ഫണ്ടിൽ കുറവ് വന്നതാണ് തടസ്സമായിരിക്കുന്നത്. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് കാഞ്ചിയാർ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളുടെ തീരുമാനം.