കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികൾ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്. പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തിൽ തന്നെ അർജുന് കൂട്ട്. കൂലിപ്പണിക്കാരനായ അച്ഛൻ, അമ്മ രണ്ടു സഹോദരിമാർ ഒരു അനിയൻ ഇവരെയെല്ലാം ചുമലിലേറ്റാനാണ് കണ്ണാടിക്കൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പിൽ ജോലി നോക്കിയത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികൾ.