തൃശൂർ: 14 വയസ്സുള്ള ബാലനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ മദ്രസ അധ്യാപകന് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും. മുൻപ് പള്ളിയിലെ മത പഠന അധ്യാപകനായിരുന്ന പ്രതി, ആ ബന്ധത്തിന്‍റെ പേരിൽ ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അൻ യാസ് തയ്യിൽ ആണ് നജ്മുദ്ദീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
മാർച്ച് 19നും ഏപ്രിൽ 16നും ഇടയ്ക്കുള്ള ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രഥമ വിസ്താരത്തിനു ശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവ് വിലയിരുത്തി കുറ്റം ചെയ്തു എന്നു കണ്ടെത്തി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 2 വർഷവും 2 മാസവും അധികം തടവ് അനുഭവിക്കണം
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ ബിപിൻ ബി നായർ കേസ് രജിസ്റ്റർ ചെയ്തു പ്രാഥമിക അന്വേഷണം നടത്തി. ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.