കൊച്ചി: മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കുന്നവർ തരംതാഴുകയാണ്. കോടതിയിൽ നിന്ന് പ്രതികൂല തീരുമാനമില്ലെങ്കിൽ മൃതദേഹം കൈമാറണമെന്ന തീരുമാനവുമായി മുന്നോട്ട് പോവുമെന്നും മകൻ പ്രതികരിച്ചു. അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി ഹൈക്കോടതി അൽപ്പസമയത്തിന് ശേഷം പരിഗണിക്കും.
ഇതെല്ലാം ഒന്നുകിൽ സഹോദരി ആശ സ്വയം ചെയ്യുന്നത്, അല്ലെങ്കിൽ ഇത് ആരെങ്കിലും ചെയ്യിക്കുന്നതാണ്. ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ. ഇത് തങ്ങളെ ബാധിക്കില്ലെന്നും എംഎൽ സജീവൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനാവില്ലെന്നാണ് ആശയുടെ ഹർജി. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.