ഡെസ്ക്കിൽ തൂശനില വിരിച്ച് ചോറ് വിളമ്പി. വാനരന്മാർക്കുള്ള സദ്യ ആയതു കൊണ്ട് തന്നെ കറികൾക്ക് പകരം പഴങ്ങളും പച്ചക്കറികളും. പപ്പായ, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, മാങ്ങ, തണ്ണിമത്തൻ, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങിയവ നിരന്നു. കക്കിരി, വെള്ളരി, ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറിനൊപ്പം. കുരങ്ങന്മാർ കുടുംബ സമേതം തന്നെ വിഭവ സമൃദ്ധമായ സദ്യ കഴിക്കാനെത്തി.
പ്രദേശവാസിയായ ചാലിൽ മാണിക്കമ്മ എന്ന വയോധിക കഴിഞ്ഞ ഇരുപത് വർഷത്തോളമായി കുരങ്ങുകൾക്ക് ഭക്ഷണം നൽകാറുണ്ട്. ഇവരുടെ വീട്ടിൽ വച്ചാണ് പച്ചക്കറികളും പഴങ്ങളും തയ്യാറാക്കിയതെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ പി വേണുഗോപാലൻ പറയുന്നത്. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണാഘോഷത്തിൻ്റെ ഭാഗമായി കുരങ്ങന്മാർക്ക് സദ്യയൊരുക്കിയത്. കുട്ടികൾ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകൾ പാടിയാണ് കാവരികിലെത്തിയത്. ഓണം സഹജീവികൾക്കു കൂടിയുള്ളതാണെന്ന ഓർമപ്പെടുത്തലായി മാറി കൗതുകം നിറഞ്ഞ ഈ സദ്യയൂട്ട്.