ഹേമ കമ്മിററി റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കാൻ പ്രത്യേക സംഘം ഉടൻ യോഗം ചേരും. റിപ്പോർട്ട് പൂർണമായും പ്രത്യേക സംഘത്തിന് കൈമാറാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. സർക്കാർ കൈമാറിയാൽ ഉടൻ തുടർ നടപടി ചർച്ച ചെയ്യാൻ പ്രത്യേക സംഘം യോഗം ചേരും. കമ്മിറ്റി മുന്നിൽ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ടാഴ്ചക്കുള്ളിൽ തുടർ നടപടികൾ ശുപാർശ ചെയ്യണമെന്നാണ് പ്രത്യേക സംഘത്തിനുള്ള നിർദ്ദേശം.
22 കേസുകളാണ് പ്രത്യേക സംഘം നിലവിൽ അന്വേഷിക്കുന്നത്. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടുപോകാൻ തയ്യാറായാൽ വീണ്ടും കേസുകള്‍ രജിസ്റ്റർ ചെയ്യേണ്ടിവരും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന 50 ലധികം പേരാണ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്.
ഇവരുടെയെല്ലാം മൊഴി പ്രത്യേക സംഘം രണ്ടാഴ്ചക്കുള്ളിൽ രേഖപ്പെടുത്തും. ഇതിന് മേൽ വേഗത്തിൽ നടപടി സ്വീകരിക്കേണ്ടതുള്ളതിനാൽ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തും. കമ്മിറ്റി മുന്നിൽ വന്ന മൊഴികള്‍ ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രത്യേക സംഘത്തിനുള്ള കോടതി നിർദ്ദേശം.