പാലക്കാട്: ഓണ വിപണി ലക്ഷ്യമാക്കി കേരളത്തിലേക്ക് ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 1518 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. കേസിൽ മൂന്ന് പ്രതികളെയും സ്പിരിറ്റ് കടത്തിക്കൊണ്ട് വന്ന ലോറിയും അതിന് അകമ്പടി വന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശികളായ വിക്രം (18 വയസ്), മധൻകുമാർ (22 വയസ്സ്), രവി (42 വയസ്സ്) എന്നിവരാണ് പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് എക്സൈസ് റേഞ്ച് സംഘവും ചേർന്നാണ് തമിഴ്‌നാട്ടിൽ നിന്നും 46 കന്നാസുകളിലായി ലോറിയിൽ കടത്തിക്കൊണ്ട് വന്ന സ്പിരിറ്റ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ.ടി.അർ, കെ.വി. വിനോദ്, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, ഡി.എസ്.മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ, പ്രിവന്റ്റ്റീവ് ഓഫീസർ രാജകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, അരുൺ, ബസന്ത്, രഞ്ജിത്ത്.ആർ.നായർ, മുഹമ്മദ് അലി, സുബിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.