മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
നാല് ദിവസം മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർ ചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മർദിച്ചു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അൻസീന യുവാവിനെ വിളിച്ച് അക്രമിസംഘം ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു.
സുഹൃത്തുക്കൾ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് നൽകി. അരീക്കോട്ടെ മൊബൈൽകടയിൽനിന്ന് യുവാവിന്റെ പേരിൽ ഇഎംഐ വഴി രണ്ട് മൊബൈൽ ഫോണുകളെടുക്കാനും പ്രതികൾ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കൾ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. യുവാവിന്‍റെ പരാതിയിലും അരീക്കോട് പൊലീസ് കേസെടുത്തു. എസ്എച്ച്ഒ വി ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ നവീൻ ഷാജാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയതായി സംശയമുണ്ട്.