ഇടുക്കി : കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർഥിയെ മർദിച്ചതിൽ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. ഏപ്രിൽ 25 നാണ് ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സി പി ഒ മനു പി ജോസും സംഘവും മർദിച്ചത്. സംഭവത്തിൽ എസ് ഐ ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ സസ്‌പെൻഡ് ചെയ്തിരുന്നു. സിറ്റി എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം.
എപ്രില്‍ 25 നാണ് സസ്പെന്‍ഷനിടയാക്കിയ സംഭവം നടക്കുന്നത്. ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചുവെന്നു കാണിച്ച് പൊലീസ് മൂവർക്കുമെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇത് കള്ളകേസെന്നു കാട്ടി ആസിഫിന്‍റെ അമ്മ ഗവര്‍ണ്ണര്‍ക്കും ഡിജിപിക്കും പരാതി നല‍്കിയിരുന്നു.. സംഭവം നടക്കുമ്പോൾ ആസിഫ് സ്ഥലത്തില്ലെന്നും സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വെച്ചും മർദ്ദിച്ചതായും ആയിരുന്നു അമ്മയുടെ പരാതി. ഈ പരാതിയിലെ അന്വേഷണമാണ് വഴിത്തിരിവായത്.
രണ്ടു ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പോലീസ് വാഹനത്തെ മറികടന്നു പോയി. പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പോലീസ് ജീപ്പ് കുറുകെ നിർത്തി. ഈ സമയം ബൈക്ക് പോലീസ് വാഹനത്തിനു സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതായിരുന്നു കട്ടപ്പന ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തില്‍. ആസിഫിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും തങ്ങൾക്കും മർദ്ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്നവരും മൊഴി നല്‍കി. ഇതെ തുടർന്ന് കുറ്റക്കാരെന്ന് കണ്ട് എസ് ഐ സുനേഖിനെയും സിപിഒ മനു പി ജോസിനെയും ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.