കേരളം ഞെട്ടാൻ പോകുന്ന ഗുരുതര കാര്യങ്ങളാണ് നടന്നിരിക്കുന്നത്. സിബിഐ അന്വേഷണം വേണം. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്ക് എതിരായാണ് ഇത്രയും ഗുരുതരാരോപണം ഉയർന്നിട്ടുള്ളത്? ഭരണകക്ഷി എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കട്ടെ. എന്നാൽ നടപടിയെടുക്കാൻ ധൈര്യമില്ല. അയാളുടെ കയ്യിൽ ഇനിയും വിവരങ്ങൾ ഉണ്ടെന്ന് സർക്കാരിന് അറിയാം. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്ഥനാണ് ഈ പറയുന്നത്. വിശ്വാസ്യ യോഗ്യമല്ലാത്ത കാര്യമാണെങ്കിൽ അയാൾക്കെതിരെ നടപടി എടുക്കട്ടെ. മുഖ്യമന്ത്രി വാ തുറക്കണം. ധൈര്യമുണ്ടെങ്കിൽ മാധ്യമപ്രവർത്തകരെ കാണണമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
തകർന്നു തരിപ്പണമായ ആഭ്യന്തര സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വാഴ വെച്ചാൽ വാഴ പോലും ചോദിക്കും ഇങ്ങനെ ഒരു സ്ഥലത്താണോ വെച്ചതെന്ന്. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതികരിച്ച ഷാഫി കള്ളക്കളികൾക്ക് കൂട്ടുനിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴവെച്ച് അപമാനിതരായ എസ്എഫ്ഐയുടെ കയ്യിൽ വാഴ ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ കസേരയിൽ വയ്ക്കണം. വാഴ എന്നോട് ക്ഷമിക്കണം. മുഖ്യമന്ത്രിയുടെ കസേരയിൽ വയ്ക്കാൻ പറഞ്ഞാൽ വാഴയ്ക്കുപോലും തന്നോട് കലിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.