29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി, മരുന്നും സൗജന്യം, സംസ്ഥാനത്ത് ആദ്യ വയോജന ആയുഷ് മെഗാ മെഡിക്കൽ കാമ്പ്
Uncategorized

ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി, മരുന്നും സൗജന്യം, സംസ്ഥാനത്ത് ആദ്യ വയോജന ആയുഷ് മെഗാ മെഡിക്കൽ കാമ്പ്

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്‌പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ആയുര്‍വേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുഷ് ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ട്രൈബല്‍ ആയുഷ് ഡിസ്‌പെന്‍സറികള്‍ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളിലാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഈ മെഡിക്കല്‍ ക്യാമ്പുകളുടെ സേവനം പരമാവധി വയോജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വയോജനങ്ങള്‍ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്‌നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

കേന്ദ്ര ആയുഷ് റിസര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങളുടെയും ആയുഷ് മെഡിക്കല്‍ കോളേജുകളുടെയും ആയുഷ് പ്രൊഫഷണല്‍ സംഘടനകളുടെയും സഹകരണം ഈ ക്യാമ്പുകള്‍ക്കുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ പങ്ക് വഹിക്കും. വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, റഫറല്‍ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാ ക്ലാസുകള്‍ എന്നിവ ക്യാമ്പുകളില്‍ സംഘടിപ്പിക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് അതും ഉറപ്പാക്കുന്നതാണ്.

Related posts

കർണി സേന തലവന്റെ കൊലപാതകം: രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox