തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. രാവിലെ ഏഴരയോടെയാണ് എംഎൽഎ യാത്ര തിരിച്ചത്.
മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷിയിലാണ് മുകേഷ് കുമാരപുരത്തെ വീട് വിട്ടത്. രാജിക്കായുള്ള മുറവിളി തുടരുമ്പോഴും പരസ്യ പ്രതികരണങ്ങൾക്ക് ഒന്നും മുതിരാതെ അജ്ഞാത വാസത്തിലായിരുന്നു മുകേഷ്. ഇന്നലെ പ്രതികരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും നിയമോപദേശത്തെ തുടർന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല.
തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരിക്ക് ഗൂഢലക്ഷ്യമെന്നാണ് മുകേഷ് ആരോപിക്കുന്നത്. തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ് ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് 7 ന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. എന്നാൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ മുകേഷ് സമർപ്പിച്ച തെളിവുകൾ പരാതിക്കാരിയായ നടി നിഷേധിച്ചു. താൻ അയച്ചതായി പറയുന്ന ഇ-മെയിൽ മുകേഷിന്‍റെ “കുക്ക്ഡ് അപ്പ്” സ്റ്റോറി ആണെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്ന് താൻ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം എന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു. ഒരു ഘട്ടത്തിലും താൻ അക്കൗണ്ട് നമ്പർ മുകേഷിന് അയച്ചു കൊടുത്തിട്ടില്ല. കാശിൻറെ ഒരിടപാടും ഉണ്ടായിട്ടില്ല, മുകേഷിന്‍റെ വീട്ടിൽ പോയിട്ടില്ലെന്നും ഫോട്ടോയിൽ പോലും കണ്ടിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.