ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ഡിഎൻഎ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് പരിശോധനയ്ക്കായി അയച്ചത്. 73 സാമ്പിളുകളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചു. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹവും ശരീരഭാഗങ്ങളും കുടുംബങ്ങൾക്ക് വിട്ടു നൽകും. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കാനായി അവകാശികൾക്ക് അപേക്ഷ നൽകാം. മാനന്തവാടി സബ് കലക്ടർക്കാണ് അപേക്ഷ നൽകേണ്ടത്.
ഇതിനിടെ ഓഗസ്റ്റ് 27ന് വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.