പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ നിർമാണത്തിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേന-ബിജെപി സർക്കാർ കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ഛത്രപതി ശിവജി പ്രതിമയുടെ നിർമ്മാണ ടെൻഡറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു.
“സിന്ദുബർഗിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ ഇന്ന് തകർന്നുവീണു. ഡിസംബറിലായിരുന്നു മോദിജി ഉദ്ഘാടനം ചെയ്തത്. കോൺട്രാക്ടർ ആരായിരുന്നു? താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺട്രാക്ടർക്കാണ് നിർമാണ ചുമതല നൽകിയത് എന്നത് ശരിയാണോ? കോൺട്രാക്ടർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? എത്ര കോടികളാണ് സർക്കാരിന് കോൺട്രാക്ടർ നൽകിയത്,“ പ്രിയങ്ക ചോദിച്ചു.
അതേസമയം പ്രതിമ തകർന്നത് അങ്ങേയറ്റം ദു:ഖമുണ്ടാക്കുന്ന സംഭവമാണെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പരാമർശം. “ഞങ്ങൾ ദൈവത്തെ പോലെ കാണുന്നയാളാണ് ശിവജി. ശക്തമായ കാറ്റിനെ തുടർന്നാണ് പ്രതിമ തകർന്നത്. ഞങ്ങളുടെ മന്ത്രി അവിടെ പോയി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്,“ ഷിൻഡെ പറഞ്ഞു.
സർക്കാരാണ് പ്രതിമയുടെ തകർച്ചക്ക് പിന്നിലെന്നാണ് എൻസിപി നേതാവ് ജയന്ത് പാട്ടീലിന്റെ പ്രതികരണം. സർക്കാർ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല. അവർക്ക് ചടങ്ങ് നടത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. മഹാരാഷ്ട്ര സർക്കാർ പുതിയ ടെൻഡറുകൾ മാത്രമേ ക്ഷണിക്കൂ,കമ്മീഷനുകൾ സ്വീകരിക്കും, അതിനനുസരിച്ച് കോൺട്രാക്ടുകളും നൽകുമെന്നും പാട്ടീൽ പറഞ്ഞു. പ്രദേശത്ത് പുതിയ പ്രതിമ സ്ഥാപിക്കാനാണ് നീക്കമെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി ദീപക് കേസർക്കാർ പറഞ്ഞു.