മുന്‍നിരയിലെ പതിനഞ്ചുപേര്‍ വരെയുള്ള ഒരു സംഘമാണ് മലയാളം സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്. പ്രൊഡ്യൂസറോ, വിതരണക്കാരോ, സംവിധായകരോ കൂടിയായ നടന്മാരാണ് ഇവര്‍. മുന്‍നിര നടന്മാരെ അടക്കം നിരവധി പേരെ വിലക്കിയെന്ന് നിരവധി പുരുഷന്മാര്‍ കമ്മിറ്റിക്ക് മുന്നില്‍ തുറന്നു പറഞ്ഞു. അവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ലായെന്നതാണ് വിചിത്രമായ കാര്യം. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും. പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാല്‍ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തില്‍ പവര്‍ഗ്രൂപ്പിലെ ആളുകള്‍ കൈകോര്‍ക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.
അറിയപ്പെടുന്നതും ജനപ്രിയനും മേഖയില്‍ സ്വാധീനവുമുള്ള ഒരു നടനെയും മറ്റൊരു നടനെയും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ വിലക്കിയതായി പ്രസ്തുത നടന്‍ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിലക്കുകള്‍ പൂര്‍ണ്ണമായും രഹസ്യമായ നീക്കത്തിലൂടെയായിരിക്കും. ഇത്തരം നിയമവിരുദ്ധ വിലക്കുകള്‍ക്ക് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ കോടതിയെയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ സമീപിക്കാന്‍ കഴിയില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് അമ്മ സംഘടന രൂപീകരിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അമ്മ സംഘടനയേക്കാള്‍ ശക്തമായിരുന്നുവെന്നും ചിലര്‍ ഹേമകമ്മിറ്റിയോട് പറഞ്ഞു.
തന്നെ രണ്ട് വര്‍ഷക്കാലം മലയാളം സിനിമാ മേഖലയില്‍ നിന്നും വിലക്കിയതായി ഒരാള്‍ തുറന്നു പറഞ്ഞു. മറ്റൊരു താരത്തെയും ആ വിധത്തില്‍ വിലക്കി. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ 20 ലക്ഷം രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.നിര്‍മ്മാതാവുമായോ സംവിധായകനുമായോ വ്യക്തിബന്ധം ഇല്ലെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.
റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര്‍ 22-ലെ വിധിയും സര്‍ക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്‍വിധിന്യായങ്ങള്‍ കമ്മിഷന്‍ പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ കമ്മിഷനുമുന്നില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള നിര്‍ദേശം സാംസ്‌കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്ക് റിപ്പോര്‍ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.