ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാൻ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ബേപ്പൂരിൻ്റെ ചരിത്രവും സംസ്കാരവും പ്രകൃതി മനോഹാരിതയും ജനജീവിതവുമായി കോർത്തിണക്കി കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിച്ചു. ടൂറിസം റിസോഴ്സ് മാപ്പിംഗ്, റിസോഴ്സ് ഡയറക്ടറി എന്നിവ തയാറാക്കി. കമ്മ്യൂണിറ്റി ടൂർ പാക്കേജുകൾ, സ്ത്രീ സുഹൃദ വിനോദ സഞ്ചാരം, സ്ട്രീറ്റ് പദ്ധതി എന്നിവ ആരംഭിച്ചു.
പ്രാദേശികമായി നാനൂറോളം പേർക്ക് പ്രത്യേക പരിശീലനം നൽകി. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകി. ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡ് ആയി മാറി. കൂടാതെ കരകൗശല നിർമ്മാണം, തനത് ഭക്ഷണ വിഭവങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലും സംരംഭങ്ങൾ ഉയർന്നുവന്നു. വീട്ടമ്മമാർക്ക് ഉൾപ്പെടെ വരുമാനം ലഭ്യമാകുന്ന നിരവധി പ്രവർത്തനങ്ങളാണ് ബേപ്പൂരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്പോൺസിബിൾ ടൂറിസം മിഷന് ഐസിആർ ടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്. 2022 – ൽ 4 ഗോൾഡ് അവാർഡുകളും 2023 ൽ ഒരു ഗോൾഡ് അവാർഡും ഉത്തരവാദിത്ത ടൂറിസം മിഷൻ നേടിയിരുന്നു. ഇതോടെ തുടർച്ചയായി 3 വർഷവും വിവിധ കാറ്റഗറികളിൽ ഗോൾഡ് അവാർഡ് നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ മാറി.