കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്നും സർക്കാർ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമർശിച്ചു.
ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നൽകിയ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ നിലപാടെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് സമരത്തിലാണ്. അതിനിടെ ഡോക്ടർമാർ ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.