ദില്ലി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് അതിശക്ത മഴ തുടരുന്നു. രാജസ്ഥാൻ, ഹിമാചൽ, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേർക്ക് ജീവൻ നഷ്ടമായി. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ പതിനേഴ് പേർ മരിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
പഞ്ചാബിൽ മഴവെള്ളപാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു. ഹരിയാനയിലും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ അമർനാഥ് തീർത്ഥയാത്ര താല്കാലികമായി നിർത്തി. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. ദില്ലിയിൽ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. 4 സംസ്ഥാനങ്ങൾക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് നല്കിയിരിക്കുന്നത്.