പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാർക്കാടിൻ്റെ മരണത്തിൽ ആരോപണ വിധേയനായ നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം. ആരോപണ വിധേയനായ സിപിഐ നേതാവ് സുരേഷ് കൈതച്ചിറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഹിനയുടെ കുടുംബം മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി. ഷാഹിനയുടെ ഭർത്താവ് സാദിഖ്, മക്കൾ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ് പാലക്കാട് മണ്ണാർക്കാടുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഷാഹിനയുടെ സുഹൃത്തായ എഐവൈഎഫ് നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ് അന്നു തന്നെ രംഗത്തെത്തിയിരുന്നു. സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. വിഷയത്തിൽ ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും സാദിഖ് വ്യക്തമാക്കി. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ കസ്‌റ്റഡിയിൽ എടുത്ത പൊലീസ് ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയിരുന്നു.