ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകൻ സജീബ് പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഹസീന ഇന്ത്യയിലാണെന്നും മകൻ പറഞ്ഞു. ഹസീനയുടെ മകൻ അമേരിക്കയിലാണുള്ളത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമത്തിൽ ബംഗ്ലാദേശിൽ മുന്നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭം. തുടർന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. തുടർന്ന് രൂപീകരിച്ച ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗിന് പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവാമി ലീഗ് മത്സരിക്കുമെന്നും ജയ സാധ്യതയുണ്ടെന്നും മകൻ പറഞ്ഞു.
ഹസീന നിലവിൽ ദില്ലിയിലാണുള്ളത്. യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ളാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു. എന്നാൽ ഹസീന എത്രകാലം ഇന്ത്യയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.