പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ച് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സെമിയിലെത്തി. ക്വാര‍്‍ട്ടറില്‍ യുക്രൈന്‍ താരത്തെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് സെമിയിലെത്തിയത്. സ്കോര്‍ 7-5.
നേരത്തെ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ക്വാര്‍ട്ടറിലെത്തിയത്. നിലവിലെ ചാമ്പ്യനെ മലര്‍ത്തിയടിച്ചതിന്‍റെ ആവേശത്തില്‍ ഗോദയിലിറങ്ങിയ വിനേഷ് തുടക്കം മുതല്‍ യുക്രൈന്‍ താരത്തിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് വിജയവുമായി സെമിയിലെത്തിയത്. തുടക്കത്തിലെ 4-0ന്‍റെ ലീഡ് നേടിയ വിനേഷിനെതിരെ പിടിച്ചു നില്‍ക്കാന്‍ യുക്രൈന്‍ താരത്തിനായില്ല.
സെമിയില്‍ ജയിച്ചാല്‍ വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായി മത്സരിക്കേണ്ടിവരും. നേരത്തെ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയ നീരജ് ചോപ്രയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. മറ്റന്നാളാണ് ജാവലിന്‍ ത്രോ ഫൈനല്‍.
അതേസമയം, അത്‌ലറ്റിക്സില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടിവന്നു. റെപ്പഷാഗെ റൗണ്ടില്‍ മത്സരിച്ച് കിരണ്‍ പഹലിന് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്യേണ്ടി വന്നത്. 52.59 സെക്കന്‍ഡിലാണ് താരം മത്സരം ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ടേബിള്‍ ടെന്നിസ് ടീം ഇനത്തിലെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യ സിംഗിള്‍സില്‍ ചൈന ഇന്ത്യയുടെ ശരത് കമാലിനെ തോല്‍പ്പിച്ചു.