രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,348 ൽ നിന്ന് 1.12 ലക്ഷമായി ഉയർന്നതായി മന്ത്രി വ്യക്തമാക്കി. ബിരുദ സീറ്റുകളിൽ 118 ശതമാനവും ബിരുദാനന്തര ബിരുദ സീറ്റുകളിൽ 133 ശതമാനവുമാണ് വർധനയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യത്തിനാണ് നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2013 – 14ൽ ആരോഗ്യ ബജറ്റ് 33,278 കോടി രൂപയായിരുന്നെങ്കിൽ ഇന്ന് അത് 90,958 കോടി രൂപയായി ഉയർത്തി. വാജ്‌പേയി സർക്കാർ വരും മുമ്പ് ഒരു എയിംസ് മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 22 എയിംസുകൾക്ക് അനുമതി നൽകിയെന്നും ഇതിൽ 18 എണ്ണം പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി വിശദീകരിച്ചു.