രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. ദുരന്തം എന്നാൽ ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളാണെന്ന് പറയുന്നു. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുകയോ സ്വത്തുവകകൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയോ ചെയ്യണം. ദുരന്ത ബാധിത പ്രദേശത്തെ സമൂഹത്തിന് അപകടം നേരിടാനുള്ള ശേഷിക്കപ്പുറമുള്ള സ്വഭാവമോ വ്യാപ്തിയോ ഉണ്ടായിരിക്കണം. ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം, ഉഷ്ണ തരംഗം മുതലായവയാണ് സാധാരണയായി ദുരന്തത്തിൽ ഉൾപ്പെടുന്നത്. ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിർമിത ദുരന്തവും ഇതിൽ ഉൾപ്പെടുന്നു.
ദേശീയ ദുരന്തത്തെ നിർവചിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ, പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേകമായ എക്സിക്യൂട്ടീവ് സംവിധാനങ്ങളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിത മാനദണ്ഡവുമില്ല. ഇതുമായി ബന്ധപ്പെട്ട്, പത്താം ധനകാര്യ കമ്മീഷൻ (1995-2000) നിർദേശങ്ങൾ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ ദുരന്തത്തെ ‘അപൂർവമായ തീവ്രതയുള്ള ദേശീയ ദുരന്തം’ എന്ന് വിളിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, ‘അപൂർവ തീവ്രതയുടെ ദുരന്തം’ എന്താണെന്ന് പ്രത്യേകമായി നിർവചിച്ചിട്ടില്ല.