കൊച്ചി: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാൽ നവീകരണം ഉൾപ്പടെയുള്ള പദ്ധതികൾ പൂര്‍ത്തിയാക്കാന്‍ മേയർ എം അനിൽ കുമാർ ഇറിഗേഷൻവകുപ്പിന് നിര്‍ദേശം നല്‍കി.
മുല്ലശേരി കനാല്‍ റോഡുപണി ആരംഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കമ്മട്ടിപ്പാടം ബണ്ട് മഴ തീരുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. ഹൈക്കോടതി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. മഴവെള്ളം മംഗളവനത്തിലൂടെ ഒഴുക്കി വിടാനാണ് പദ്ധതി. റെയില്‍വേയുടെ അധീനതയിലുള്ള 34 കലുങ്കുകളില്‍ മാലിന്യം വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേയ്ക്കാണെന്ന് മേയര്‍ വ്യക്തമാക്കി.
റെയില്‍വേ ലൈന്‍ കടന്നുപോകുന്ന കലുങ്കുകളില്‍ പുറമേ നിന്നുള്ളവര്‍ വൃത്തിയാക്കുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള തകരാറുകളോ അപകടങ്ങളോ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം വഹിക്കുമെന്ന് മേയര്‍ ചോദിച്ചു. കലുങ്ക് വൃത്തിയാക്കുന്നത് സംബന്ധിച്ച് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പ്രതിനിധി അറിയിച്ചു.