ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സേനയുടെ വ്യോമാക്രമണം. നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധം മുൻനിർത്തിയായിരുന്നു ആക്രമണമെന്നും അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അമേരിക്കൻ സേനാ വൃത്തങ്ങൾ വിശദീകരിച്ചു.
ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കൻ സേന ഇറാഖിൽ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണം ആയിരുന്നു ഇന്നലെ രാത്രിയിലേത്. ഇറാഖിലെ ബാബിലോൺ പ്രവിശ്യയിലായിരുന്നു ആക്രമണം. കുറഞ്ഞത് നാല് പേർക്കെങ്കിലും ജീവൻ നഷ്ടമായാതാണ് ഇറാഖി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചു കൊണ്ട് അമേരിക്കൻ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സേനാ വൃത്തങ്ങൾ വിശദീകരിച്ചു.
സ്വയം പ്രതിരോധത്തിന് തങ്ങൾക്ക് എപ്പോഴും അവകാശമുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. നിരവധിപ്പേർക്ക് ഗുരുതര പരിക്കുള്ളതിനാൽ മരണ സംഖ്യ ഉയരാനും സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു.