22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍
Uncategorized

ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വയനാട് മുണ്ടക്കൈ ദുരന്തം മാറിക്കഴിഞ്ഞു. ഇതുവരെയായി 151 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുണ്ടക്കൈയിൽ 135 മൃതദേഹങ്ങൾ കണ്ടെത്തി. 211 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ജീവന്‍റെ തുടിപ്പ് തേടി ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലകളില്‍ സജീവമായി. കിലോമീറ്ററുകള്‍ ദൂരത്തില്‍ ഏതാണ്ട് 600 മീറ്ററോളം വീതിയിലാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയൊഴുകിയത്. ഒഴുകിയ വഴികളിലെ എല്ലാ വസ്തുക്കളെയും തൂത്തെടുത്ത് കിലോമീറ്റര്‍ ദൂരത്തേക്കാണ് മലവെള്ളം കുത്തിയൊഴുകിയത്. ദുരന്തമുഖത്ത് കുടുങ്ങിക്കിടക്കുന്ന ജീവന്‍റെ തുടിപ്പ് തേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുഖത്തുള്ളത്.

ഇന്നലെ വൈകീട്ടോടെ താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചു. കിലോമീറ്ററുകള്‍ പൊട്ടിയൊഴുകിയ ഉരുളിന് അടിയില്‍പ്പെട്ട് പോയ ജനവാസമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

മിനിയാന്ന് രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലായിരുന്നു പ്രദേശത്ത് മരണമുഖം തീര്‍ത്തത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണമായും ഇല്ലാതാക്കി. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമായിട്ടില്ല.

ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയത്. കര,നാവിക, വ്യോമ സേനകളും രക്ഷാപ്രവര്‍ത്തകരും ദുരന്തമുഖത്ത് സജീവ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്.

ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്താണ് ഒരു താൽക്കാലിക പാലം ഉണ്ടാക്കിയത്. പിന്നീട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കയര്‍ കെട്ടി രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ചൂരൽമലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്‍റെ രക്ഷാദൗത്യം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അ​ഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിച്ചു.

Related posts

ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ, ‘ഭക്തവത്സല’നെ പൊക്കി പൊലീസ്

Aswathi Kottiyoor

ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

Aswathi Kottiyoor

യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍;

Aswathi Kottiyoor
WordPress Image Lightbox