വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.