വയനാട്: വയനാട്ടില്‍ മഴയത്ത് ഒരു ആദിവാസി കുടുംബം കഴിഞ്ഞത് പശു തൊഴുത്തില്‍. മുട്ടില്‍ കുമ്പളാട് കൊല്ലി കോളനിയിലെ രാധയുടെ കുടുംബത്തിനാണ് വീട്ടില്‍ വെള്ളം കയറുകയും ചോർന്നൊലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തൊഴുത്തില്‍ കഴിയേണ്ടി വന്നത്. കോളനിയിലാകെ വെള്ളം കയറിയതിന് പിന്നാലെ ഇവരടക്കമുള്ള കുടുംബം ക്യാംപിലേക്ക് മാറി.
വയനാട്ടില്‍ മഴ കനത്ത ദിവസങ്ങളില്‍ കുമ്പളാട് കൊല്ലി കോളനിയിലെ രാധയും മക്കളുമെല്ലാം കഴിഞ്ഞത് തൊഴുത്തിലാണ്. ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ ചോർന്നൊലിക്കുന്ന വീട്. മഴയില്‍ കോളനിയില്‍ വെള്ളം കയറിയതോടെ ആദ്യം മുങ്ങിയത് ഇവരുടെ വീടാണ്. കനത്ത മഴയില്‍ വെള്ളം കൂടുതല്‍ ഉയർന്നതോടെ ജൂലൈ 16 നാണ് തൊട്ടടുത്തുള്ള പറളിക്കുന്ന് സ്കൂളില്‍ ക്യാംപ് തുടങ്ങിയത്. അന്ന് വരെ തണുപ്പത്ത് കുഞ്ഞു കുട്ടിയടക്കമുള്ള ഒരു കുടുംബത്തിന് തൊഴുത്തില്‍ ദിവസങ്ങളോളം ഭക്ഷണം വച്ച് അന്തിയുറങ്ങേണ്ടി വന്നു.
“ഒരു മൃഗത്തിന് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്ക് തരുന്നില്ല. കോളനിയെന്ന് പറയരുതെന്ന് മന്ത്രി പറഞ്ഞു. ഇതാണോ ഉന്നതി? ഉന്നതിയിൽ കിടക്കുന്ന ഞങ്ങളുടെ ജീവിതമെന്തെന്ന് അധികാരികൾ ശരിക്കൊന്നു കാണണം”- പ്രദേശവാസിയായ സജീവൻ പറഞ്ഞു.