പത്താം ദിവസമായ ഇന്ന് നിർണായകമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തി അതിനുളളിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നലെയാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂമന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ അർജുന്റെ ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണുള്ളതെന്ന് ഉത്തര കന്നഡ എസ്പി നാരായണയും സ്ഥിരീകരിച്ചു.