ഗാന്ധിനഗർ: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. മരണം 24ആയി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലും രോഗബാധിതരുള്ളത്. ചന്ദിപുര വൈറസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി സർക്കാർ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള്. 4340 വീടുകളിൽ ശുചീകരണവും വൈറസ് പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.
കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ.
കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും വലയ്ക്കുള്ളിൽ ഉറങ്ങുന്നതും ഇത്തരത്തിൽ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.