ചെന്നൈ: സ്കൂളിൽ നിന്നുളള ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ (ടിസി) ഫീസ് സംബന്ധിയായ വിവരങ്ങൾ എഴുതുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയാണ് ടിസിയിൽ ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങൾ ടിസിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സ്കൂളുകളെ വിലക്കിയത്. ടിസിയിൽ കുട്ടിയുടെ അഡ്മിഷൻ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതിൽ അനാവശ്യ വിവരങ്ങൾ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും നിർദ്ദേശം നൽകാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫീസ് നൽകാൻ വൈകിയതിനും ഫീസ് നൽകാത്തതിന്റെയും പേരിൽ കുട്ടികളെ അപമാനിക്കുന്നത ബാലാവകാശ നിയമങ്ങൾക്ക് എതിരാണെന്നും ജസ്റ്റിസ് എസ് എം സുബ്രമണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സൌജന്യ വിഭ്യാഭ്യാസം കുട്ടികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് ലംഘനം വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വിശദമാക്കി. സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഓൾ ഇന്ത്യ പ്രൈവററ് സ്കൂൾ ലീഗൽ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് അനുകൂലമായി സിംഗിൾ ജഡ്ജി നൽകിയ വിധി ഹൈക്കോടതി തള്ളി.
ഫീസ് വാങ്ങാൻ സ്കൂളുകൾക്ക് അധികാരമുണ്ട്. എന്നാൽ ഇതിനിടയിൽ വിദ്യാർത്ഥികളെ അപമാനിതരാവുന്നത് അംഗീകരിക്കാനാവില്ല. ഫീസ് വാങ്ങുന്ന നടപടിക്കിടയിൽ കുട്ടികൾ ഉൾപ്പെടരുതെന്നും കോടതി വ്യക്തമാക്കി. ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുതെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. അനാവശ്യ വിവരങ്ങൾ സ്കൂളുകൾ ടിസിയിൽ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.