ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയാണെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി എം നാരായണ പറഞ്ഞു. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ കൂടുതൽ രക്ഷാപ്രവർത്തനം തെരച്ചിൽ തുടരുമെന്നും എസ് പി പറഞ്ഞു. എസ്പിയുടെ പ്രതികരണം. രാത്രി 9 മണിവരെ രക്ഷാപ്രവർത്തനം നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം.
സൈന്യം കൂടി ഇറങ്ങി തെരച്ചിൽ നടത്തിയാലേ രക്ഷാദൗത്യം പൂർണ്ണമാകൂ എന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൽ ഷിരൂരിൽ പ്രതികരിച്ചു. കൂടുതൽ സംവിധാനങ്ങളോടെ തെരച്ചിൽ ഊർജിതമാക്കണെമെന്നും ജിതിൻ ആവശ്യപ്പെട്ടു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടം നടന്ന് 4 ദിവസമായിട്ടും ഇന്നാണ് തെരച്ചിലിന് ജീവൻ വെച്ചതെന്നും ജിതിൻ പറഞ്ഞു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മണ്ണ് നീക്കുക ദുഷ്കരമാണെന്നും ഇടക്കിടെ പെയ്യുന്ന മഴ അതിരൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അർജുന്റെ ലോറി നദിയിൽ ഇല്ലെന്നുള്ള വിവരം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.