25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കണ്ണൂരില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കളിൽ വിലയേറിയ വെനീഷ്യന്‍ കാശിമാല മുതൽ സ്വർണ മുത്തുകൾ വരെ
Uncategorized

കണ്ണൂരില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കളിൽ വിലയേറിയ വെനീഷ്യന്‍ കാശിമാല മുതൽ സ്വർണ മുത്തുകൾ വരെ

കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായിലെ നിന്ന് കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിച്ചു. നിധി’ വസ്തുക്കള്‍ 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് എന്നാണ് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

തളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലായിരുന്ന നിധി’ വസ്തുക്കള്‍ ഇന്നലെയാണ് പുരാവസ്തുവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചത്. കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. ഇത് കൂടാതെ ആലി രാജാവിന്റെ നാണയങ്ങള്‍, കണ്ണൂര്‍ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍, ഇന്‍ഡോ-ഫ്രഞ്ച് നാണയങ്ങള്‍, പുതുച്ചേരി പണം എന്നിവയും കണ്ടെത്തിയിരുന്നു.

കണ്ടെത്തിയ നിധി’ വസ്തുക്കളിൽ ഏറ്റവും പ്രധാനമേറിയത് കാശിമാലകൾ ആയിരുന്നു. വെനീഷ്യന്‍ ഡക്കറ്റ് എന്ന സ്വര്‍ണനാണയങ്ങള്‍ ഉപയോഗിച്ചാണ് കാശുമാലകള്‍ നിര്‍മിച്ചതെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ഇത് ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകള്‍) കാലത്ത് നിര്‍മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. 1659 മുതല്‍ 1674 വരെ ഭരിച്ച ഡൊമനികോ കൊണ്ടാരിന, 1752 മുതല്‍ 1762 വരെ ഭരിച്ച ഫ്രാന്‍സിസ്‌കോ കോര്‍ഡാന്‍ 1763 മുതല്‍ 1778 വരെ ഭരിച്ച ആല്‍വിസ് മൊസാനിഗോ എന്നിവരുടെ കാലഘട്ടത്തിലെ ഡക്കറ്റുകളാണ് ഇത്.

കണ്ടെടുത്ത സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങള്‍ വീരരായന്‍ പണം എന്നാണ് അറിയപ്പെടുന്നത്. 1826-ലെ ആലിരാജയുടെ കാലത്തുള്ള കണ്ണൂര്‍ പണം എന്നറിയപ്പെടുന്ന രണ്ട് വെള്ളിനാണയങ്ങളും ഫ്രഞ്ചുകാര്‍ നിര്‍മിച്ച ഇന്‍ഡോ-ഫ്രഞ്ച് നാണയങ്ങളും ഇതിലുണ്ട്. 1826-ലെ ആലിരാജയുടെ കണ്ണൂര്‍ പണമാണ് കൂട്ടത്തിൽ ഏറ്റവും പുതിയവ. പരിപ്പായി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ നാണയങ്ങളും കിട്ടിയിരുന്നു. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഇത് ആദ്യം കണ്ടത്. നിധി എങ്ങനെ മണ്ണിനടിയിലെത്തിയെന്നതിന് ബന്ധപ്പെട്ട രേഖകള്‍ പഠിക്കണമെന്നും പരിശോധനക്കെത്തിയവര്‍ പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികളാണ് തങ്ങളുടെ ജോലിക്കിടെ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. പരിസരത്ത് വേറെ എവിടെയെങ്കിലും നിധി ശേഖരം ഉണ്ടോ എന്നറിയാനാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയത്. രണ്ട് തവണയാണ് ചെങ്ങളായിയില്‍ ‘നിധി’ വസ്തുക്കള്‍ കണ്ടെത്തിയത്.

Related posts

‘ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്’; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

Aswathi Kottiyoor

ഉത്സവത്തിനിടെ ആന വിരണ്ടോടി, തക്കം നോക്കി വൈരാ​ഗ്യം തീർത്ത് അക്രമികൾ; കുത്തേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

അർദ്ധരാത്രി ബൈക്കിലെത്തി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox