കോഴിക്കോട്: അച്ഛന്റെ ഹൃദയമിടിപ്പുകൾ മറ്റൊരാളുടെ നെഞ്ചിൽ നിന്ന് കേട്ട് മകൻ അഡ്‍വിക്. കോഴിക്കോട് സ്വദേശിയായ ബിലീഷിന്റെ ഹൃദയമാണ് കണ്ണൂർ പേരാവൂരിലെ ഗ്രേഡ് എസ്ഐ ഇ കുമാരന് മാറ്റിവെച്ചത്. കോഴിക്കോട് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ കുമാരൻ ചികിത്സയ്ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഡോക്ടർ മുരളി, കുമാരന്റെ നെഞ്ചിൽ മകൻ അഡ്‍വികിനെ കൊണ്ട് സ്റ്റെതെസ്കോപ്പിൽ ഹൃദയമിടിപ്പ് കേൾപ്പിച്ചത്.
രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതാണ് കുമാരൻ. പക്ഷേ അസുഖം ഭേദമായില്ല. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്നായി. സാമ്പത്തിക പ്രശ്നങ്ങളായിരുന്നു ചികിത്സയ്ക്കുള്ള അടുത്ത തടസ്സം. കുമാരനൊപ്പം 1999 എംഎസ്പി ബാച്ചിലുണ്ടായിരുന്ന സുഹൃത്തുക്കൾ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കൂടെ സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസിലെ വിഹിതവും കൂടിയായപ്പോൾ പണം റെഡിയായി. പക്ഷേ യോജിക്കുന്ന ഹൃദയത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നെ. പക്ഷാഘാതത്തെ തുടർന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശി ബിലീഷിന്റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചതോടെ പ്രതീക്ഷകൾക്ക് വേഗം കൂടി. കുടുംബത്തിന്റെ കരുത്തായിരുന്ന ബിലീഷ് മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം.
മാർച്ച് 23 ന് ബിലീഷിന്റെ ഹൃദയം കുമാരനിൽ മിടിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഡോക്ടർ മുരളി വെട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്ന് മാസത്തെ സങ്കീർണമായ ചികിത്സയക്ക് ശേഷം കഴിഞ്ഞ ദിവസം കുമാരൻ വീണ്ടും പേരാവൂർ സ്റ്റേഷനിൽ ജോലിയ്ക്കെത്തുകയായിരുന്നു. ആശുപത്രിയിൽ ഇന്നലെ നടന്ന ചടങ്ങിൽ ബിലീഷിൻ്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.