21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ക്ലാസ്സിൽ നിന്നും ലാബിലേക്ക് ഒരു കി.മീ, 1000 വിദ്യാർത്ഥികൾക്ക് 9 ശുചിമുറി; തിങ്ങിഞെരുങ്ങി ഇങ്ങനെയും ഒരു സ്കൂൾ!
Uncategorized

ക്ലാസ്സിൽ നിന്നും ലാബിലേക്ക് ഒരു കി.മീ, 1000 വിദ്യാർത്ഥികൾക്ക് 9 ശുചിമുറി; തിങ്ങിഞെരുങ്ങി ഇങ്ങനെയും ഒരു സ്കൂൾ!


മലപ്പുറം: ക്ലാസ് മുറിയിൽ നിന്നും ലാബിലേക്ക് പോകാൻ താണ്ടേണ്ടത് ഒരു കിലോ മീറ്റർ. മലപ്പുറം വേങ്ങര ഗവണ്‍മെന്‍റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥികളുടെ അവസ്ഥയാണിത്. ഇത് മാത്രല്ല, ഇത്തവണയും സീറ്റ് വർധിപ്പിച്ചതോടെ വിദ്യാർത്ഥികൾ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ട അവസ്ഥയിലാണ്.

20 വർഷമായി സയൻസ് ബാച്ച് ഉണ്ടെങ്കിലും സ്കൂളിൽ ലാബില്ല. ഒരു കിലോമീറ്റർ അകലെയുള്ള ഹൈസ്കൂളിലാണ് ലാബ് ഉള്ളത്. ദിവസവും ക്ലാസിനിടെ അങ്ങോട്ട് ഓടണം. ഇവിടെ ലാബിനുള്ള കെട്ടിടത്തിന് എസ്റ്റിമേറ്റ് നൽകിയെങ്കിലും പൊതുമരാമത്തിന്റെ ഭരണാനുമതി ലഭിച്ചില്ല. അതിന്റെ കാരണമാണ് വിചിത്രം. ജില്ലാ പഞ്ചായത്തിനാണ് സ്കൂളിന്റെ ചുമതല. പൊതുമരാമത്ത് അസ്സിസ്റ്റ്‌ എഞ്ചിനീയരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതാണ് സ്കൂളിലെ അറ്റകുറ്റ പണികൾ നടത്താൻ തടസമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

വിദ്യാഭ്യാസ വകുപ്പിനാകട്ടെ ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ല. സീറ്റുകളുടെ എണ്ണക്കുറവ് വലിയ ചർച്ചയാകുമ്പോഴും മലപ്പുറത്തെ ചില സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. വേങ്ങര ഗവണ്‍മെന്‍റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ പല ശുചിമുറികളുടെയും അവസ്ഥ ശോചനീയമാണ്. ആയിരം വിദ്യാർത്ഥികൾക്ക് പേരിന് ഒൻപത് ശുചിമുറികൾ മാത്രമാണുളളത്. പഞ്ചനക്ഷത്ര സ്കൂളുകളാണ് നാട്ടിലെങ്ങുമെന്ന് ഭരിക്കുന്നവർ പൊങ്ങച്ചം പറയുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ.

Related posts

രാജമലയിൽ തമിഴ്നാട് ബസിന്റെ ചില്ല് തകർത്ത് പടയപ്പ, ആക്രമണം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ

Aswathi Kottiyoor

വൈകിട്ട് 6 – 11: വൈദ്യുതി ഉപയോഗം റെക്കോർഡിൽ

Aswathi Kottiyoor

ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.

Aswathi Kottiyoor
WordPress Image Lightbox