ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരാതി നല്‍കുമെന്ന് മലയാളി ഇൻഫ്ലുവൻസര്‍ രേഷ്മ സെബാസ്റ്റ്യൻ. ധീര ജവാൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ നടക്കുന്നത് കടുത്ത സൈബറാക്രമണമാണ്. രൂക്ഷമായ ഭാഷയും അശ്ലീല കമന്റുകളുമാണ് സ്മൃതിക്കെതിരെ ഉപയോഗിക്കുന്നത്.
കെ അഹമ്മദ് എന്ന ഐഡിയിൽ നിന്നുള്ള അശ്ലീല പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. ഇതിനിടെയാണ് സ്മൃതിയാണെന്ന് തെറ്റിദ്ധരിച്ച് രേഷ്മയുടെ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നൊക്കെ കുറിച്ച് പ്രചരിപ്പിക്കുന്നത് രേഷ്മയുടെ ചിത്രങ്ങളാണ്. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണെന്നും രേഷ്മ ഇൻസ്റ്റയിലൂടെ വ്യക്തമാക്കി.
‘‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക‘‘ – എന്നാണ് രേഷ്മ പോസ്റ്റ് ചെയ്തത്. അതേസമയം, സ്മൃതി കീർത്തിചക്ര ഏറ്റുവാങ്ങുന്ന ചിത്രത്തിന് നേരെയാണ് വ്യാപകമായ സൈബർ ആക്രമണമുണ്ടായത്. സാമൂഹികമാധ്യമത്തിൽ അധിക്ഷേപ പരാമർശം വ്യാപകമായി പ്രചരിച്ചതോടെയാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. സ്മൃതിക്കെതികെ അൻഷുമാന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച പുരസ്കാരമടക്കം, എല്ലാ സാധനങ്ങളും സ്മൃതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നായിരുന്നു ഇവരുടെ ആരോപണം.